05:04am 18 September 2026
NEWS
വേട്ടക്കാരനൊപ്പം കുരയ്ക്കുകയും ഇരയ്ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇടത് സർക്കാർ
09/07/2025  08:56 AM IST
nila
വേട്ടക്കാരനൊപ്പം കുരയ്ക്കുകയും ഇരയ്ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇടത് സർക്കാർ

സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കുകയാണ്. ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ രം​ഗത്തിറങ്ങാൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ തങ്ങളുടെ അണികളോടും അനുഭാവികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ സമരം പൊളിക്കാനായി ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ സാധാരണ ജനത്തിന് അല്പം പോലും മനസിലാകാത്ത നയവും നിലപാടുകളുമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ ജീവനക്കാർ സംതൃപ്തരാണെന്ന് ഇന്നലെ ആദ്യം പ്രഖ്യാപിച്ചത് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറാണ്. അതിനാൽ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കില്ലെന്നും ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനെ തള്ളി ഇടത് മുന്നണി കൺവീനർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ രം​ഗത്തെത്തിയെങ്കിലും മന്ത്രിമാർ നിശബ്ദത പാലിച്ചു. ഇതിനു പിന്നാലെയാണ് രാത്രിയോടെ ഡയസ്നോൺപ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് അനുസരിച്ച് ഇന്ന് ജോലിക്ക് ഹാജരാകാത്ത സ്ഥിരം ജീവനക്കാരുടെ ഇന്നത്തെ ശമ്പളം നൽകില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇന്ന് ലീവ് അനുവദിക്കൂ.

വെട്ടിലായത് താത്ക്കാലിക ജീവനക്കാർ

സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചതോടെ വെട്ടിലായത് പാവം താത്ക്കാലിക ജീവനക്കാരാണ്. ഇന്ന് ജോലിക്ക് ഹാജരാകാത്ത താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും എന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ബസുകൾ സർവീസ് നടത്തുന്നില്ല. പലർക്കും സ്വന്തമായി വാഹനം ഇല്ലാത്തവരും. നിരത്തിലിറങ്ങുന്ന വാഹനങ്ങളെ സമരക്കാർ തടയുന്നുണ്ട്. എങ്ങനെയും ഓഫീസിലെത്തിയില്ലെങ്കിൽ താത്ക്കാലികമായി ലഭിച്ച ജോലിയും പോകും. ഇതാണ് ഇന്ന് കേരളത്തിലെ താത്ക്കാലിക ജീവനക്കാരുടെ അവസ്ഥ. ജീവൻ പണയംവെച്ചും തങ്ങളുടെ ചെറിയ വരുമാനം നിലനിർത്താൻ എങ്ങനെയും ഓഫീസിലെത്താൻ ഈ പാവങ്ങൾ നിർബന്ധിതരാകും.

ഒരുതരി കനലിന് മുകളിലും വെള്ളമൊഴിച്ച് പിണറായി സർക്കാർ

ദേശീയ പണിമുടക്ക് എന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേ കാലമായി പണിമുടക്ക് പൂർണമായും നടക്കുന്നത് കേരളത്തിൽ മാത്രമാണ്. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് അത്ര ശക്തിയും സ്വാധീനവുമില്ല എന്നതു തന്നെ കാരണം. എന്നാൽ, ഇക്കുറി ദേശീയ പണിമുടക്കിനെ പൊളിക്കാൻ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ തന്നെ രം​ഗത്ത് എത്തിയതോടെ ഇടത് അനുഭാവികളിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. ഒരേസമയം വേട്ടക്കാരനൊപ്പം കുരയ്ക്കുകയും ഇരയ്ക്കൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. 

പണിമുടക്ക് എന്തിന്?

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് രാജ്യത്തെ പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.  25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് സംഘടനകളുടെ  പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവ​ഗണിച്ചതിനെ തുടർന്നാണ്  സംയുക്ത സമരസമിതി പണിമുടക്കിലേക്ക്‌ നീങ്ങിയത്‌.

 ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന സിഐടിയു, സിപിഐ നേതൃത്വത്തിലുള്ള എഐടിയുസി, കോൺ​ഗ്രസ് സംഘടനയായ ഐഎൻടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളാണ് ഇന്ന് പണിമുടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img